Sunday, 13 January 2013

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

Published on  21 Jan 2013
ന്യൂഡല്‍ഹി: നാലു ശതമാനമായിരുന്ന സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ ആറു ശതമാനമായി ഉയര്‍ത്തി. സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും വില വര്‍ധിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ നടപടി കാരണമാകും.

സ്വര്‍ണം ഇറക്കുമതി കുറയ്ക്കുന്നതിനുള്ള നടപടി ഗവണ്‍മെന്റ് ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം ധനമന്ത്രി പി. ചിദംബരം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ജൂലായ് - സപ്തംബര്‍ കാലത്ത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 2230 കോടി ഡോളറായി ഉയര്‍ന്ന് റെക്കോഡിട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുതിരുന്നത്. രൂപയുടെ വിലയിടിവിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വര്‍ധിച്ച സ്വര്‍ണം ഇറക്കുമതിയാണെന്ന് കരുതപ്പെടുന്നു. ഡോളറിന്റെ ആവശ്യം കൂടുന്നതിനനുസരിച്ച് രൂപയുടെ മൂല്യം കുറയുകയാണ്.

നടപ്പ് സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ 2020 കോടി ഡോളറാണ് സ്വര്‍ണം ഇറക്കുമതിക്കായി ചെലവിട്ടത്. മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 30.3 ശതമാനം കുറവായിരുന്നു ഇത്. 2011-12 സാമ്പത്തികവര്‍ഷം 5620 കോടി ഡോളറിന്റെ സ്വര്‍ണമായിരുന്നു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്.

ഈ വര്‍ഷം ഇറക്കുമതി കുറയാന്‍ കാരണം 2012 ജനവരിയിലും മാര്‍ച്ചിലും ഗവണ്‍മെന്റ് സ്വര്‍ണം ഇറക്കുമതിക്കുള്ള കസ്റ്റംസ്‌നികുതി ഉയര്‍ത്തിയതാണ്.

അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ബജറ്റ്‌നിര്‍ദേശത്തില്‍ സ്റ്റാന്‍ഡേര്‍ഡ് സ്വര്‍ണബാറിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ രണ്ടു ശതമാനത്തില്‍നിന്ന് നാലു ശതമാനമായി ഉയര്‍ത്തിയിരുന്നു. നോണ്‍സ്റ്റാന്‍ഡേര്‍ഡ് സ്വര്‍ണത്തിന്റെ നികുതി 10 ശതമാനമായും വര്‍ധിപ്പിച്ചു.

നിക്ഷേപങ്ങള്‍ സ്വര്‍ണ്ണത്തില്‍ നിന്നും ഓഹരികളിലേക്കും മറ്റ് സാമ്പത്തികമേഖലകളിലേക്കും മാറ്റുന്നതിന് നിക്ഷേപകരെ പ്രേരിപ്പിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 


No comments:

Post a Comment